Lateral Perspectives

The huge world inside a tiny head

Archive for the tag “ormakal”

ഭാവി

കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏകദേശം പത്തു പന്ത്രണ്ടു വര്ഷമായിക്കാണും. ആദ്യമൊക്കെ ഇടയ്ക്കോർത്തിരുന്നു . പിന്നീടെപ്പോഴോ പൊതുവെ മറന്നു. അങ്ങനിരിക്കെ , കുറെ നാളുകൾക്കു ശേഷം അവിചാരിതമായി ഒരു പഴയ പട്ടു കേട്ടപ്പോൾ അറിയാതെ അവളെ ഓർത്തു പോയി. തിരഞ്ഞു പിടിച്ചു ഓർത്തതല്ല. പണ്ട് ആ പട്ടു കേൾക്കുകയും പാടുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു. വരികൾ വർണ്ണിച്ചുരുന്നത് അവളെ പറ്റി ആണെന്ന് സങ്കൽപ്പിച്ചു കൊണ്ടിരുന്നു. ആ പാട്ടും അവളും തമ്മിൽ തന്നെ സംബന്ധിച്ചിടത്തോളം അഭേദ്യമായ ബന്ധമുണ്ട്. ആ മുഖം, ചിരി, അവളുടെ ചെറിയ ഗോഷ്ടികൾ. ഇത്രെയും കാലങ്ങൾക്കു ശേഷവും രണ്ടു വരികൾ അവളെ തിരികെ കൊണ്ടു വന്നിരിക്കുന്നു! ഇനിയിപ്പോൾ ഇന്നത്തെ ദിവസം നൊസ്റാൾജിയയുടെ പിടിയിലായിരിക്കുമെന്നത് നിസ്സംശയം.

തെരുവിൽ കൂടി നടക്കുമ്പോഴും,ട്രെയിനിൽ കയറുമ്പോഴും , ഭക്ഷണം കഴിക്കാനിറങ്ങുമ്പോളെല്ലാം , ഇനി ചില സൂചനകളെ അറിയാതെ തേടി കൊണ്ടേയിരിക്കും . ചുരുണ്ടതാണോ നേരെയാണോ എന്ന് തീരുമാനിക്കാൻ ആകാത്ത അവളുടെ മുടിക്കായി, കാട്ടരുവികൾ ഒഴുകുന്ന പോലുള്ള ചിരിക്കായി, എന്നെ ചേർത്ത് പിടിക്കു എന്നപേക്ഷിക്കുന്ന മിഴികൾക്കായി. അങ്ങനെയിരിക്കെ ഒരു ചിന്ത മനസ്സിൽ വന്നു. ഇപ്പോൾ പെട്ടെന്ന് , അവൾ തന്റെ മുമ്പിൽ വന്നാൽ എന്ത് ചെയ്യും ? എങ്ങിനെ ഞാൻ പ്രതികരിക്കും?

ഒരു പക്ഷെ കുശലം ചോദിക്കും. രണ്ടു പേരുടേയും ജീവിതം മുന്നോട്ടു കുഴപ്പമൊന്നുമില്ലാതെ പോയതിൽ സന്തോഷം പ്രകടിപ്പിക്കും . കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെപ്പറ്റി ഗോസ്സിപ്പടിച്ചേക്കാം . കുട്ടികളുടെ ഫോട്ടോകൾ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കും. എന്റെ യാത്രകളെ പറ്റി അവളും , അവളുടെ എഴുത്തിനെ പറ്റി ഞാനും ചോദിക്കും. ചോദ്യങ്ങൾ ചോദിച്ചു കഴിയുമ്പോളുള്ള മൗനത്തിൽ ഞങ്ങൾ അസ്വസ്ഥരാകും. പൊങ്ങി വന്ന ഓർമകളെ അടിച്ചമർത്തും. ഇതാണിനി എന്റെ ജീവിതമെന്നും മുന്നിൽ കാണുന്നത് മറ്റൊരു ജന്മത്തിലെ ഓര്മയാണെന്നും സ്വയം പറഞ്ഞു ആശ്വസിക്കും . ഒടുവിൽ യാത്ര പറഞ്ഞു പിരിയുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ പറയും, കണ്ടതിൽ സന്തോഷം.

എല്ലാത്തിനുമുപരി ഒരു പക്ഷെ നമ്മൾക്കറിയേണ്ടത് ഒരു ചോദ്യത്തിനുള്ള ഉത്തരമാകാം. ആ ചോദ്യവും അതിനുള്ള ഉത്തരവും എന്ന് പറയുന്നത് ഒരു നല്ല കഥയോ സിനിമയോ പോലെയാണ്. ക്ലൈമാക്സ് എന്താണെന്നു അറിയുവാനുള്ള ജിജ്ഞാസയും , അറിഞ്ഞു കഴിയുമ്പോൾ അത് തീർന്നുവല്ലോ എന്നുള്ള വിഷമവും. യാത്ര പറയുമ്പോൾ, കണ്ണുകൾ ഉടക്കുമ്പോൾ , നാം ചോദിക്കാതെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നീ ഇപ്പോഴും എന്നെ സ്നേഹിക്കുന്നുവോ ? എന്ന ചോദ്യം! അങ്ങിനെ ചോദിക്കുന്നതിന്റെ പൊരുൾ എന്താണെന്നു അറിയില്ല. ജിജ്ഞാസയാകാം. സ്വാർത്ഥതയാകാം. വേദനയാകാം. താൽക്കാലിക ആശ്വാസത്തിനാകാം. വലിയ ഒരു ഭാരമിറക്കുവാനാകാം. ഉത്തരങ്ങൾക്കു പണ്ട് ലഭിച്ച അനുഭൂതികളെ മായ്ക്കുവാനോ മറക്കുവാനോ ഉള്ള ശക്തിയില്ല. എങ്കിലും, ആ നിമിഷത്തെ തെല്ലു ഭയത്തോടേയെ കാണുവാനാകൂ.

ട്രെയിൻ വലിയ ശബ്ദത്തോടെ നിർത്തി. സ്റ്റോപ്പ് എത്തിയിരിക്കുന്നു. ഞാനിറങ്ങട്ടെ. ഈ യാത്രകളിൽ ഒരിക്കലും കണ്ടു മുട്ടാതിരിക്കട്ടെ. പക്ഷെ, മരിക്കുന്നതിന് മുൻപ് അകലെ നിന്നൊരിക്കൽ കാണുവാനിടയാകട്ടെ. പറ്റുമെങ്കിൽ അന്യോന്യം തിരിച്ചറിയുവാനാകട്ടെ.

Advertisements

Post Navigation